അല്ലാഹുവിൻ്റെ അടുക്കൽ ഉന്നത സ്ഥാനമുള്ള മഹാത്മാക്കളുടെ ഹഖ്,ജാഹ്,ബറകത്ത് മുഖേന അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത് ഉത്തരം ലഭിക്കാൻ സഹായകരമാണ്. നമ്മളിലുള്ള ന്യൂനതയെ മനസ്സിലാക്കുകയും ഉന്നതങ്ങളിൽ വിരാജിക്കുന്ന മഹാത്മാക്കളെ പരിഗണിക്കുകയും ചെയ്യുമ്പോഴാണ് "തവസ്സുൽ"എന്ന പ്രക്രിയക്ക് നാം വിധേയപ്പെടുന്നത്. അത്തരം നല്ല മനസ്സിന്റെ ഉടമകളെക്കുറിച്ച് വിശുദ്ധ ഖുർആൻ പുകഴ്ത്തി പറയുകയും ആ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
أُو۟لَـٰۤىِٕكَ ٱلَّذِینَ یَدۡعُونَ یَبۡتَغُونَ إِلَىٰ رَبِّهِمُ ٱلۡوَسِیلَةَ أَیُّهُمۡ أَقۡرَبُ وَیَرۡجُونَ رَحۡمَتَهُۥ وَیَخَافُونَ عَذَابَهُۥۤۚ إِنَّ عَذَابَ رَبِّكَ كَانَ مَحۡذُورࣰا
അല്ലാഹുവിലേക്ക് അവരെക്കാൾ ബന്ധമുള്ളവരെ ഇടയാളന്മാരാക്കുകയും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷയർപ്പിക്കുകയും അവൻറെ ശിക്ഷയിൽ ഭയക്കുകയും ചെയ്യുന്ന അടിമകളെ പുകഴ്ത്തി പറയുകയാണ് അല്ലാഹു ഇവിടെ.
یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبۡتَغُوۤا۟ إِلَیۡهِ ٱلۡوَسِیلَةَ
സത്യവിശ്വാസികളെ, അല്ലാഹുവിനെ ഭയപ്പെടുകയും അവനിലേക്ക് ഇടയാളന്മാരെ തേടുകയും ചെയ്യൂ എന്ന് കൽപ്പിക്കുകയാണ് ഈ ആയത്തിൽ.
വിശുദ്ധ ഖുർആൻ മറ്റൊരു ഭാഗത്ത് വരാനിരിക്കുന്ന പ്രവാചകനെ വസീലയാക്കി പ്രാർത്ഥിക്കുകയും ആ പ്രവാചകൻ വന്നു കഴിഞ്ഞപ്പോൾ പുറം തിരിയുകയും ചെയ്ത മുൻകാല വിശ്വാസികളെക്കുറിച്ച് പറയുന്നുണ്ട്.
وَلَمَّا جَاۤءَهُمۡ كِتَـٰبࣱ مِّنۡ عِندِ ٱللَّهِ مُصَدِّقࣱ لِّمَا مَعَهُمۡ وَكَانُوا۟ مِن قَبۡلُ یَسۡتَفۡتِحُونَ عَلَى ٱلَّذِینَ كَفَرُوا۟ فَلَمَّا جَاۤءَهُم مَّا عَرَفُوا۟ كَفَرُوا۟ بِهِۦۚ فَلَعۡنَةُ ٱللَّهِ عَلَى ٱلۡكَـٰفِرِینَ
ഇവിടെയും പ്രവാചകന് വസീലയാക്കിയ പ്രവർത്തനത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ കുറ്റപ്പെടുത്തുന്നില്ല.
വിശുദ്ധ ഖുർആനിലെ ഈ ആയത്തുകളെല്ലാം അല്ലാഹുവിലേക്ക് വസീലയാക്കേണ്ടതിന്റെ പ്രാധാന്യത്തെ വിളിച്ചോതുകയും അത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഹഖ് കൊണ്ടുള്ള തവസ്സുൽ എന്നാൽ അല്ലാഹു മഹാത്മാക്കൾക്ക് ഔദാര്യമായി നൽകിയ ആദരവ് മുഖേനെ തവസ്സുലാക്കുക എന്നാണ്. അല്ലാതെ ഹഖ് എന്ന പദത്തിൻറെ കേവല ഭാഷാർത്ഥം സൂചിപ്പിക്കും പോലെ അല്ലാഹു നിർബന്ധമായും നൽകേണ്ട അവകാശം മുഖേന ചോദിക്കുന്നു എന്നല്ല.
ജാഹ് എന്നാൽ സ്ഥാനം എന്നാണ്. അല്ലാഹു അവന്റെ മഹാത്മാക്കൾക്ക് പല സ്ഥാനങ്ങളും നൽകിയിട്ടുണ്ട്. ഇലാഹി സന്നിധിയിൽ പരിഗണിക്കപ്പെടുന്ന അത്തരം സ്ഥാനങ്ങളെ മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നതിനാണ് ജാഹു കൊണ്ടുള്ള തവസ്സുൽ എന്ന് പറയുന്നത്.
ബറകത്ത് എന്നാൽ അല്ലാഹു അവൻറെ ഇഷ്ടജനങ്ങൾക്ക് നൽകുന്ന ഒരു പ്രത്യേക തരം ആദരവാണ്.ഈമാനും തഖ്വയും ആണ് ബറക്കത്തിന്റെ മാനദണ്ഡം എന്ന് വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്നുണ്ട്. അത്തരം ബറക്കത്തുകൾ മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുന്നതിനാണ് ബറക്കത്ത് കൊണ്ടുള്ള തവസ്സുൽ എന്ന് പറയുന്നത്.
ചുരുക്കത്തിൽ ഇവ മൂന്നും താത്വികമായി ഒരേ അർത്ഥത്തെയാണ് സൂചിപ്പിക്കുന്നത്. അല്ലാഹു അവൻ്റെ പുണ്യാത്മാക്കൾക്ക് നൽകുന്ന ചില പ്രത്യേക പരിഗണനകളും ആദരവുകളും മുൻനിർത്തി അല്ലാഹുവിനോട് ചോദിക്കുക എന്നതാണ് ഇവയുടെ മർമ്മം.
ഹഖ് എന്ന വാക്കിന് അവകാശമെന്നൊരു അർത്ഥമുണ്ട്. ഈ അർത്ഥത്തെ ദുരുപയോഗം ചെയ്ത് അടിമകളുടെ കാര്യത്തിൽ അല്ലാഹു ഏറ്റെടുത്ത ചില അവകാശങ്ങൾ ഉണ്ടെന്നും അവ ചെയ്തു തരൽ അല്ലാഹുവിന് നിർബന്ധമാണെന്നും വിശ്വാസവൈകല്യങ്ങൾ സംഭവിച്ച മുഅ്തസിലിയാക്കൾക്ക് വിശ്വാസമുണ്ട്. ഈ വാദത്തെ എതിർക്കാൻ വേണ്ടി ഇമാം അബൂ ഹനീഫ(റ) بحق الانبياء പോലോത്ത പദങ്ങളെ എതിർത്തിട്ടുണ്ട്. ഇതിനെ വിശദീകരിച്ചുകൊണ്ട് ഇമാം കാസാനി (റ)പറയുന്നത് കാണാം.
قال الإمام الكاساني رحمه الله : ويكره للرجل أن يقول في دعائه أسألك بحق أنبيائك ورسلك وبحق فلان لأنه لا حق لأحد على الله سبحانه وتعالى جل شأنه
(പ്രാർത്ഥിക്കുന്ന സമയത്ത് നബിമാരുടെ ഹഖ് കൊണ്ട്,ഏതെങ്കിലും വ്യക്തികളുടെ ഹഖ് കൊണ്ട് എന്ന് പറയുന്ന നല്ലതല്ല,കാരണം ആർക്കും അല്ലാഹുവിൽ നിന്ന് ഒരു ഹഖും (നിർബന്ധമായ അവകാശം) ഇല്ല. ഇമാം അവർകളുടെ ഉദ്ദേശം എന്താണെന്ന് ഇതിലെ അവസാനത്തെ വാചകത്തിൽനിന്ന് വ്യക്തമാണ്.
എന്നാൽ ആധുനിക വഹാബികൾ ഇമാം അബൂഹനീഫ (റ) യുടെ ഈ വാചകത്തെ ദുരുപയോഗം ചെയ്യുകയും ഹഖ് കൊണ്ടുള്ള തവസ്സുലിനെ ഇമാമവർകൾ എതിർക്കുന്നുണ്ടെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. നിർബന്ധപൂർവ്വം അല്ലാഹു ചെയ്തുതരൽ അവകാശമാണ് എന്ന അർത്ഥത്തിലുള്ള ഹഖിനെയാണ് ഇമാം അബു ഹനീഫ (റ) എതിർത്തത് എന്നും അല്ലാത്തപക്ഷം അത് വിശുദ്ധ ഖുർആനിനും ഹദീസുകൾക്കും എതിരാകില്ല എന്നും മേൽ വിശദീകരണങ്ങളിൽ നിന്ന് വ്യക്തമാണ്.
ഹഖ്, ജാഹ് (സ്ഥാനം), ബറകത്ത് എന്നിവ കൊണ്ട് മഹാത്മാക്കളെ തവസ്സുലാക്കുമ്പോൾ അവർ ചെയ്തു തരാൻ അല്ലാഹു നിർബന്ധിതനാകുന്നു എന്ന അർത്ഥത്തിലല്ല നമ്മൾ ഉപയോഗിക്കാറുള്ളത്.
ഹഖ്, ജാഹ് കൊണ്ടുള്ള തവസ്സുലുകൾ നബി (ﷺ) തങ്ങൾ പഠിപ്പിച്ചതായി ഹദീസുകളിൽ കാണാം.
يا رب اسالك بحق محمد لما غفرت لي
മുഹമ്മദ് നബിയുടെ ഹഖ് കൊണ്ട് എനിക്ക് പൊറുത്തു തരണമെന്ന് ആദം നബി (അ) ദുആ ചെയ്തതായി ഇമാം ഹാക്കിമും ഇമാം ബൈഹഖിയും ഇമാം ത്വബ്റാനിയും (റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇമാം സുയൂത്തി الدر المنثور ൽ റിപ്പോർട്ട് ചെയ്ത രിവായത്തിൽ اسالك بجاه محمد (മുഹമ്മദ് നബിയുടെ ജാഹു കൊണ്ട് ഞാൻ ചോദിക്കുന്നു) എന്നും കാണാൻ സാധിക്കും.
നബി (ﷺ) തങ്ങൾ തന്നെ ദുആ ചെയ്ത ഹദീസിൽ
بحق نبيك والأنبياء الذين قبله
(അല്ലാഹുവേ നിൻ്റെ നബിയുടെയും മുൻ കഴിഞ്ഞുപോയ അമ്പിയാക്കളുടെയും ഹഖ് കൊണ്ട്) എന്ന് തവസ്സുലാക്കുന്ന സംഭവം ഇമാം ത്വബ്റാനി (റ) തൻ്റെ മുഅ്ജമിൽ കൊണ്ടുവരുന്നുണ്ട്.
ഇങ്ങനെ ധാരാളം ഹദീസുകളിൽ ഹഖ്, ജാഹ്, ബറകത്ത് എന്നിവ കൊണ്ട് തവസ്സുലാക്കുന്ന രൂപം കാണാൻ സാധിക്കും.
അനവധി ഇമാമീങ്ങൾ ഇത്തരം തവസ്സുലുകളെ പ്രോത്സാഹിപ്പിച്ച് പ്രസ്താവിച്ചതും സ്വജീവിതത്തിൽ പകർത്തിയതും ധാരാളം കാണാനാകും.
ഇമാം ഷാഫി (റ) യെ തൊട്ട് റിപ്പോർട്ട് ചെയ്യുന്നത് കാണാം
عن الإمام الشافعي أنه قال: "إني لأتبرك بأبي حنيفة، وإذا عَرَضَت لي حاجةٌ صليت ركعتين وجئتُ إلى قبره، وسألت الله تعالى الحاجة عنده فما تبعُد عني حتى تُقضى
(താരീഖ് ബഗ്ദാദ് 1:123)
തനിക്ക് വല്ല ആവശ്യങ്ങളും വന്നുചേർന്നാൽ രണ്ട് റക്അത്ത് നിസ്കരിച്ച് ഇമാം അബു ഹനീഫ(റ)യുടെ ഖബറിന്റെ ചാരത്തേക്ക് പോയി ദുആ ചെയ്താൽ ഉടനെ ഉത്തരം ലഭിക്കുമെന്ന് ഇമാം ഷാഫിഈ (റ) പറയുന്നു.
ഇമാം അബു ഹനീഫയെ (റ) തവസ്സുലാക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് ദുആ ചെയ്യാൻ വേണ്ടി അവരുടെ ഖബറിങ്ങിലേക്ക് പോകുന്നത്?
പ്രമുഖ പണ്ഡിതൻ ഇബ്നു സ്വലാഹ് (റ) അദ്ദേഹത്തിൻറെ ഫതാവയിൽ പറയുന്നു:
وذلك أن كراماتِ الأولياء من أمته، وإجاباتِ المتوسلين به في حوائجهم ومغوثاتهم، عَقِيبَ توسلهم به في شدائدهم، براهينُ له قواطع، ومعجزاتٌ له سواطع
( فتاة ابن الصلاح 1:210)
മഹാന്മാരെ ഖബറിനടുത്ത് പോയി തവസ്സുൽ ചെയ്താൽ ഉത്തരം ലഭിക്കുക എന്നത് ആ മഹാത്മാക്കളുടെ കറാമത്തിന്റെ ഭാഗമാണെന്നാണ് ഇമാം അവർകൾ രേഖപ്പെടുത്തുന്നത്.
ഇമാം നവവി (റ):
നബി (ﷺ) തങ്ങളെ സിയാറത്ത് ചെയ്യുന്നതിന്റെ രൂപം പഠിപ്പിക്കുന്നിടത്ത് പറയുന്നത് കാണാം:
ثم يرجع إلى موقفه قبالة وجه رسول الله - صلى الله عليه وسلم - فيتوسل به، ويستشفع به إلى ربه".
(المجموع شرح المهذب) (٨/٢٧٤)،
ശേഷം നബിയുടെ മുഖത്തോട് തിരിഞ്ഞുനിന്ന് അവിടുത്തെ തവസ്സുൽ ആക്കുകയും അവിടത്തോട് ഷഫാഅത്ത് ചോദിക്കുകയും വേണം.
ഇങ്ങനെ ധാരാളം ഇമാമീങ്ങൾ രേഖപ്പെടുത്തിയ ചരിത്ര സത്യങ്ങൾ കാണാനാകും.
ഇവയെല്ലാം കണ്ണടച്ച് ഇരുട്ടാക്കുകയും കേവലം ചില ആയത്തുകളെ അക്ഷര വായന നടത്തുകയും ഇമാം അബു ഹനീഫ് പോലോത്തവർ പറഞ്ഞ വാചകങ്ങളെ അതിൻറെ ഉദ്ദേശ്യാ അർത്ഥങ്ങളിൽ നിന്ന് മാറ്റി എഴുതുകയും ചെയ്തുകൊണ്ടാണ് ആധുനിക സലഫികൾ മുസ്ലിം ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നത്.
