തിരുനബി(സ്വ) യെ കുറിച്ചുള്ള പഠനവും രചനയുമെല്ലാം വിശ്വാസിക്ക് എന്നും ആനന്ദമാണ്. ഇത്തരത്തിൽ മുൻഗാമികളായ ഇമാമുമാർ വിവിധ മേഖലകളിലായി അവിടുത്തെ കുറിച്ച് നിരവധി രചനകൾ നിർവഹിച്ചിട്ടുണ്ട്. ഒരുവേള തിരുനബി(സ്വ)യുമായി ബന്ധപ്പെട്ട ഒരേ വിഷയത്തിൽ ഒന്നിലധികം രചനകൾ ഒരു പണ്ഡിതൻ തന്നെ നിർവഹിക്കുന്നത് കാണാം. ഉദാഹരണം തിരുനബി(സ്വ) യുടെ മാതാപിതാക്കൾ എന്ന വിഷയത്തിൽ മാത്രമായി ഇമാം സുയൂത്വി (റ) ഏഴ് രചനകൾ നിർവഹിച്ചിട്ടുണ്ട്.
തിരുനബി(സ്വ) യുടെ ജനനം കേന്ദ്രീകരിച്ച് നടക്കുന്ന രചനകളാണ് മൗലിദുകൾ. തിരുനബി ചരിത്ര പഠനത്തിൻ്റെ ഒരു ഭാഗത്തെയാണ് പൊതുവെ മൗലിദുകൾ പ്രതിനിധാനം ചെയ്യുന്നത്. ചിലപ്പോഴെങ്കിലും ജനനം കേന്ദ്രീകരിച്ച് നടക്കുന്ന രചനകളായ മൗലിദുകൾ ജനനത്തിന്റെ ശേഷമുള്ള ചർച്ചകളിലേക്കും ഒരുവേള അവിടുത്തെ വഫാത്ത് വരെയുള്ള സമഗ്ര പഠനങ്ങളിലേക്കും കടന്നു ചെല്ലുന്നതായി കാണാം. പൗരാണിക പണ്ഡിതന്മാർ രചിച്ച അതിപ്രധാനമായ മൗലിദുകളിൽ ചിലത് പരിചയപ്പെടാം.
അദ്ദുർറുൽ മുനള്ളം ഫീ മൗലിദിന്നബിയ്യിൽ മുഅള്ളം (സ്വ)
ഏറെ പ്രാധാന്യമർഹിക്കുന്ന ബൃഹത്തായ ഈ മൗലിദ് ഇമാം അബുൽ അബ്ബാസ് അൽ അസഫി(റ)യുടെയും (വഫാത്ത്: ഹി. 633) മകൻ ഇമാം അബുൽ ഖാസിം അൽ അസഫി(റ)യുടെയും (വഫാത്ത്: ഹി. 677) സംയുക്ത രചനയാണ്. ഇത് വളരെ വലിയ മൗലിദാണെന്നും ഇമാം ഇബ്നു ഹജർ അൽ അസ്ഖ്വലാനി(റ) അടക്കമുള്ള പ്രമുഖർ ഇതിന്റെ രചയിതാവിലേക്കുള്ള പരമ്പരയിൽ കണ്ണിയായിട്ടുണ്ടെന്നും ശെയ്ഖ് കത്താനി (റ) വിവരിക്കുന്നു (അത്തആലീഫുൽ മൗലിദിയ്യഃ 38, 42 നോക്കുക). ജോർദാനിലെ ദുറൂബ് സഖ്വാഫിയ്യഃ 400 പേജുകളിലായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം അതിന്റെ മഹത്വത്തോട് യോജിക്കുന്ന കെട്ടിലും മട്ടിലും പുറത്തിറങ്ങിയിരുന്നുവെങ്കിൽ വാള്യങ്ങൾ വരുമായിരുന്നു. നബി(സ്വ)യുടെ ജന്മദിനത്തെ പറ്റി അദ്ദുർറുൽ മുനള്ളമിൽ പറയുന്നു: മുൻഗാമികളും പിൻഗാമികളിൽ നിന്നുള്ള അവലംബയോഗ്യരും നിലകൊള്ളുന്ന ശരിയായ അഭിപ്രായം തിരുപ്പിറവി റബീഉൽ അവ്വൽ 12 തിങ്കളാഴ്ചയാണെന്നാണെന്നതിനാൽ അതുതന്നെയാണ് പ്രബലവും കൊള്ളാവുന്നതുമായ നിലപാട് (അദ്ദുർറുൽ മുനള്ളം 256). പിൽകാലത്ത് വന്ന ഇമാം നജ്മുദ്ദീൻ അൽ ഗയ്ത്വീ (റ) ബഹ്ജത്തു സ്സാമിഈനിലും(മജ്മൂഉർ റസാഇൽ 507, 508), അല്ലാമഃ ഇബ്നു അല്ലാൻ (റ) മൗരിദു സ്സ്വഫായിലും (പേജ് 111) ഇമാം അസഫിയെ (റ) തൊട്ട് ഇക്കാര്യം ഉദ്ധരിച്ചിട്ടുണ്ട്.
മൗഇദുൽ കിറാം ഫീ മൗലിദി ന്നബിയ്യി അലൈഹി സ്സലാം
ഖ്വുർആനിക വൈജ്ഞാനീയങ്ങളിൽ ഏറെ പ്രശസ്തരായ ഇമാം ബുർഹാനുദ്ദീൻ അൽ ജഅ്ബരിയാണ് (വഫാത്ത്: ഹി. 732) ഇതിൻ്റെ രചയിതാവ്. പ്രമുഖ പണ്ഡിതൻമാരായ ഇമാം അലമുദ്ദീൻ അൽ ബിർസാലി (റ), ഇമാം സുബ്കി (റ), ഇമാം സ്വഫദി(റ), അൽ ഹാഫിളു ദ്ദഹബി എന്നിവരുടെ ഗുരുവാണ് ഇമാം ജഅ്ബരി. തിരുപ്പിറവികൊണ്ടു അനുഗ്രഹീതമായ റബീഉൽഅവ്വൽ മാസത്തെ പ്രത്യേകം പരിഗണിക്കണമെന്ന് ഇമാം ജഅ്ബരി(റ) മൗലിദിന്റെ ആമുഖത്തിൽ ഓർമ്മപ്പെടുത്തുന്നു (മൗഇദുൽ കിറാം 61). പിൽക്കാലത്ത് വന്ന അല്ലാമഃ ഇബ്നു അല്ലാൻ(റ) മൗരിദു സ്സ്വഫായിൽ (പേജ് 138) ഈ ഭാഗം ഉദ്ധരിച്ചിട്ടുമുണ്ട്. അമ്പിയാക്കൾ പാപസുരക്ഷിതരാണെന്നും പ്രത്യക്ഷത്തിൽ അതിനെതിരെ തോന്നിക്കുന്ന ഖ്വുർആനിക വചനങ്ങളെ സമീപിക്കേണ്ട രീതിയും മൗഇദുൽ കിറാമിൽ (പേജ് 73-74) വിവരിച്ചിട്ടുണ്ട്. ഇതര മൗലിദുകളെപ്പോലെ തിരുനബി(സ്വ) യുടെ ജനനസമയത്തുണ്ടായ അത്ഭുതങ്ങൾ പലതും മൗഇദുൽ കിറാമിലും (പേജ് 103-104) പറഞ്ഞിട്ടുണ്ട്.
തിരുനബി(സ്വ)യുടെ മിഅ്റാജ് ഉണർച്ചയിൽ ഭൗതിക ശരീരത്തോട് കൂടെയാണ് ഉണ്ടായതെന്നും അത് റജബ് 27 ന് ആയിരുന്നുവെന്നും പേജ് 167 ൽ പറയുന്നു.
ജോർദാനിലെ അദ്ദാറുൽ അസരിയ്യഃയാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കുറഞ്ഞ പേജുകളിലായി പുറത്തിറങ്ങേണ്ടിയിരുന്ന ഈ മൗലിദ് ടിപ്പണിക്കാരന്റെ അനാവശ്യ ചർച്ചകളാൽ 280 ൽ അധികം പേജുകളിലേക്ക് ദീർഘിച്ചുപോയി എന്നത് ഖേദകരം തന്നെ.
മൗലിദു ഇബ്നി കസീർ
തഫ്സീർ, ഹദീസ്, ചരിത്രം തുടങ്ങിയ മേഖലകളിൽ പ്രശസ്തരായ അൽ ഹാഫിള് ഇബ്നു കസീറാണ് (വഫാത്ത്:ഹി.774) ഇതിന്റെ രചയിതാവ് . അവർ ഇബ്നു തയ്മിയ്യയുടെ ശിഷ്യനാണെന്നത് ശ്രദ്ധേയമാണ്. എന്നാൽ അൽ ഹാഫിള് ഇബ്നു കസീറിന് ഇങ്ങനെയൊരു രചനയില്ലെന്നും അൽ ബിദായഃയിൽ നിന്നും അടർത്തിയെടുക്കപ്പെട്ട തിരുപ്പിറവിയുമായി ബന്ധപ്പെട്ട ചർച്ച മാത്രമാണിതെന്നും മൗരിദു സ്സ്വഫായുടെ ടിപ്പണിക്കാരൻ (പേജ് 101) പറഞ്ഞത് കാണാം. ഇത് അബദ്ധമാണ്. കാരണം ഇബ്നു കസീറിന് ഒരു മൗലിദ് രചനയുണ്ടെന്ന് ശെയ്ഖ് കത്താനി അത്തആലീഫുൽ മൗലിദിയ്യഃയിൽ (പേജ് 53) പറഞ്ഞിട്ടുണ്ട്. പുറമെ, തിരു നബി(സ്വ) മഖ്തൂനായി (ചേലാകർമ്മം ചെയ്യപ്പെട്ടവരായി) ജനിച്ചുവെന്ന വിഷയം ചർച്ച ചെയ്യുമ്പോൾ അൽ ഹാഫിള് ഇബ്നു കസീറിന്റെ മൗലിദിലുണ്ടെന്ന് പറഞ്ഞ് ഒരുദ്ധരണി അല്ലാമഃ സുർഖ്വാനി (റ) ശർഹുൽ മവാഹിബിലും (1/234) അല്ലാമഃ ഇബ്നു അല്ലാൻ (റ) മൗരിദു സ്സ്വഫായിലും (പേജ് 101) കൊണ്ടു വന്നിട്ടുണ്ട്.
അത്തഅ്രീഫ് ബിൽ മൗലിദി ശ്ശരീഫ്
വിശ്രുത ഖ്വുർആൻ പണ്ഡിതരായ ഇമാം ഇബ്നുൽ ജസരി (റ) യാണ് (വഫാത്ത് :ഹി.833)ഇതിന്റെ രചയിതാവ്. പണ്ഡിതലോകം ഏറെ പ്രാധാന്യം കൽപ്പിച്ച ഈ രചന മക്കഃയിൽ തിരുനബി (സ്വ)യുടെ ജന്മസ്ഥലത്ത് വെച്ചു രചയിതാവിൽ നിന്ന് ഓതിക്കേട്ടതായി അത്തഅ്രീഫിലും (79) അർഫുത്തഅ്രീഫിലും(56,57) കാണാം. ആമുഖത്തിൽ തന്നെ തിരുനബി(സ്വ)യെ കൊണ്ട് തവസ്സുൽ, ഇസ്തിശ്ഫാഅ് നടത്തിയുള്ള ഈ ഗ്രന്ഥത്തിൽ റബീഉൽ അവ്വലിന്റെ മഹത്വം ഏറെ വിവരിക്കുന്നുണ്ട് (പേജ് 31-34). അത്തഅ്രീഫിന്റെ 80,81 പേജുകളിലായി ഇമാം ഇബ്നുൽ ജസരി (റ) വിവിധ നാടുകളിലെ മൗലിദാഘോഷം വിവരിക്കുന്നു. പിൽകാരക്കാരായ പലരും ഇമാം ഇബ്നുൽ ജസരി(റ)യുടെ ഈ വിശകലനമാണ് അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ പകർത്തെഴുത്തുകാരുടെ അശ്രദ്ധ കൊണ്ടോ മറ്റോ ഇബ്നുൽ ജസരി (റ) എന്ന് പറയേണ്ടിടത്ത് ഇബ്നുൽ ജൗസി (റ) എന്നായിട്ടുണ്ടെന്നത് വേറെ കാര്യം. തിരുനബി(സ്വ)യോട് സഹായാർത്ഥന നടത്തുന്ന വരികളുൾക്കൊള്ളുന്ന വിശദമായ കാവ്യത്തോടെയാണ് അത്തഅ്രീഫിന്റെ പരിസമാപ്തി (237-242).
അർഫു ത്തഅ്രീഫ് ബിൽ മൗലിദി ശ്ശരീഫ്
മുകളിൽ പറഞ്ഞ അത്തഅ്രീഫിന് ഗ്രന്ഥ കർത്താവ് തന്നെ തയ്യാറാക്കിയ സംക്ഷിപ്തമാണിത്. ശെയ്ഖുൽ ഇസ്ലാം സകരിയ്യൽ അൻസ്വാരി(റ)യുടെ സബത്തിൽ (ഗുരുക്കന്മാരിൽ നിന്നുള്ള സമ്മതം വിവരിക്കുന്ന ഗ്രന്ഥം) ഇടം പിടിച്ച കൃതിയാണിത്. മൂല ഗ്രന്ഥത്തെപ്പോലെ അർഫു ത്തഅ്രീഫിലും (പേജ് 38, 39) ഇമാം ഇബ്നുൽ ജസരി (റ) ഹൃദയ വസന്തമായ റബീഉൽ അവ്വലിൻ്റെ മാഹാത്മ്യം വിശദമാക്കുന്നു. തിരുനബി(സ്വ)യുടെ ജന്മദിനത്തിൽ സന്തോഷിച്ചതിന്റെ പേരിൽ അവിശ്വാസിയായ അബൂ ലഹബിന് നേട്ടം ലഭിച്ചെങ്കിൽ തിരുപ്പിറവി കൊണ്ട് സന്തോഷിക്കുകയും കഴിവനുസരിച്ച് തന്റെ സമ്പാദ്യം ചെലവഴിക്കുകയും ചെയ്ത വിശ്വാസിക്ക് സ്വർഗം ലഭിക്കുമെന്ന് ഇമാം വ്യക്തമാക്കുന്നു (പേജ് 55, 56). മക്കഃയിലെ നബിദിനാഘോഷത്തെ പറ്റിയും വിവിധ സമയങ്ങളിലായി ഇമാമവർകൾ നബി (സ്വ) ജനിച്ച സ്ഥലം സന്ദർശിച്ചതിനെയും ബറകത്തെടുത്തതിനെയും മൗലിദിൽ വിശദീകരിക്കുന്നു. തിരുനബി(സ്വ)യോടുള്ള ഇസ്തിഗാസഃ, ഇസ്തിശ്ഫാഅ് ഉൾകൊള്ളുന്ന "അഹ്യാ റബീഅൽ ഖ്വൽബി…" എന്ന് തുടങ്ങുന്ന ഇമാം ഇബ്നുൽ ജസരി(റ)യുടെ തന്നെ വിശ്രുത കാവ്യം മൗലിദിന്റെ അവസാനത്തിൽ വിവിധ പതിപ്പുകളിൽ അനുബന്ധമായി ചേർത്തിട്ടുണ്ട് (പേജ് 95-99). മൻഖ്വൂസ്വ് അടക്കമുള്ള വിവിധ മൗലിദുകളിൽ ഈ കാവ്യം ചെലുത്തിയ സ്വാധീനം പറയേണ്ടതില്ലല്ലോ. പദ്യത്തിന്റെ അവസാന വരിയിലെ "മുഹമ്മദ് ബ്ൻ മുഹമ്മദ് ബ്ൻ മുഹമ്മദ്" എന്ന പരാമർശം ഇമാം ഇബ്നുൽ ജസരി(റ)യെ കുറിച്ചാണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ചിലരെങ്കിലും ഈ പരാമർശം ഇമാം ഗസ്സാലി(റ)യെ കുറിച്ചാണെന്നും ഈ കാവ്യം അവിടുത്തേതാണെന്നും ധരിച്ചിരിക്കുന്നു. ഈജിപ്തിലെ ഇഹ്യാഉ ത്തുറാസ് അൽ ഇസ്ലാമിയുടെ സൗജന്യ പതിപ്പാണ് അർഫു ത്തഅ്രീഫിന് ലഭ്യമായ കോപ്പികളിൽ മികച്ചത്. മേൽ പറഞ്ഞ രണ്ട് മൗലിദുകൾക്ക് പുറമേ മറ്റൊരു മൗലിദ് കൂടി ഇമാം ഇബ്നു ജസരി(റ)ക്ക് ഉണ്ടെന്ന് അല്ലാമ ആലാനീ (വഫാത് 1189) റഫ്ഉൽ ഖഫാഇൽ നിന്ന് (1/ 23, 1/102) മനസ്സിലാക്കാം.
അൽ മൗരിദുൽ ഹനിയ്യ് ഫിൽ മൗലിദി സ്സനിയ്യ്
പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം സൈനുദ്ദീൻ അൽ ഇറാഖ്വി(റ)യാണ് (വഫാത്ത്: ഹി. 806) ഇതിന്റെ രചയിതാവ്. ഇമാം ശംസുദ്ദീൻ അസ്സഖാവി(റ) അൽ അജ്വിബത്തുൽ മർളിയ്യഃയിൽ (3 / 1120)ഈ മൗലിദിനെ പ്രത്യേകം പ്രശംസിക്കുകയും തിരുപ്പിറവി നടന്ന സ്ഥലത്തു വെച്ച് പ്രസ്തുത മൗലിദ് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയും ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മുഖ്തസ്വറുൽ മൗലിദി ന്നബവി
ഇമാം ഇറാഖ്വി(റ)യുടെ അൽ മൗരിദുൽ ഹനിക്ക് ശിഷ്യൻ ഇമാം ഇബ്നു ഹജർ അൽ അസ്ഖ്വലാനി തയ്യാറാക്കിയ സംക്ഷിപ്തമാണിതെന്ന് ഇമാം സഖാവിയുടെ അൽ ജവാഹിറു വദ്ദുററിൽ(2/692)കാണാം .
ജാമിഉൽ ആസാർ ഫീ മൗലിദിൽ മുഖ്താർ
എട്ട് വാള്യങ്ങളുള്ള അതി ബൃഹത്തായ ഈ മൗലിദ് ഇമാം ഇബ്നു നാസ്വിരിദ്ദീൻ അദ്ദിമിശ്ഖ്വി (റ) എഴുതിയതാണ് (വഫാത്ത് ഹി.842). ഹദീസുകളുടെയും തിരുനബി ചരിത്രത്തിന്റെയും അവിടുത്തെ വിശേഷണങ്ങളുടെയും മാഹാത്മ്യം വിവരിച്ചു കൊണ്ടാണ് ഈ ഗ്രന്ഥം ആരംഭിക്കുന്നത്. ഓരോ വർഷവും തിരുനബി (സ്വ) യുടെ ജനനവുമായി ബന്ധപ്പെട്ട വർത്തമാനം കേൾക്കുന്നത് വിശ്വാസി ഹൃദയങ്ങളെ സന്തോഷഭരിതമാക്കുന്നുവെന്ന് മുസ്വന്നിഫ് കൂട്ടിച്ചേർക്കുന്നു (ജാമിഉൽ ആസാർ 1/62). വിശ്വാസിയെ സംബന്ധിച്ചിടത്തോളം തിരുപ്പിറവിയുടെ ആഘോഷം നല്ല ആചാരമാണെന്നതും
വിവിധ നാടുകളിലെ ജന്മദിനാഘോഷവുമാണ് പിന്നീട് വിവരിക്കുന്നത്. കൂട്ടത്തിൽ ജന്മദിനാഘോഷത്തിന്റെ പ്രാമാണിക വശവും ഈ മൗലിദ് രചനയിലേക്ക് നയിച്ച സാഹചര്യവും ഇമാം ഇബ്നു നാസിരിദ്ദീൻ (റ) വ്യക്തമാക്കുന്നു (ജാമിഉൽ ആസാർ 1/63-68 നോക്കുക). ഹിജ്റ 814 ൽ ഹജ്ജ് വേളയിൽ ഇമാം ഇബ്നു നാസിരിദ്ദീൻ അദ്ദിമിശ്ഖ്വി (റ) തിരുനബി (സ്വ) യുടെ ജന്മസ്ഥലം സന്ദർശിക്കുകയും ബറക്കത്ത് എടുക്കുകയും ചെയ്തതായി ഈ മൗലിദിൽ വ്യക്തമാക്കുന്നു (2/486). ഇമാം പറയുന്നു: തിരുനബി(സ്വ)യെ സിയാറത്ത് ചെയ്യൽ മുസ്ലിം ലോകത്തിൻ്റെ ചര്യയും അവിതർക്കിതമായ പുണ്യകർമ്മവും ഏറെ ശ്രേഷ്ഠമായ കാര്യവുമാണ്. സിയാറത്ത് സംബന്ധിയായ ഹദീസുകൾ ഉമ്മത്ത് ഏറ്റെടുത്തതും, ആ ഹദീസുകളെ തള്ളിപ്പറയുന്നവൻ നിന്യനും അവകൾ വ്യാജമാണെന്ന് പറയുന്നവൻ സംശയാലുവും വിഡ്ഢിയുമാണ്. നിന്യതയെ തൊട്ടും പരാജയത്തെ തൊട്ടും കാരുണ്യത്തിൽ നിന്ന് ആട്ടിയോടിക്കപ്പെടലിനെ തൊട്ടും അല്ലാഹുവിൽ നാം അഭയം പ്രാപിക്കുന്നു (ജാമിഉൽ ആസാർ 8/141).
മൗരിദു സ്സ്വാദീ
മൗരിദു സ്സ്വാദീ ഫീ മൗലിദിൽ ഹാദി (സ്വ) എന്നാണ് പൂർണ്ണനാമം. ഇമാം ഇബ്നു നാസ്വിരിദ്ദീൻ അദ്ദിമിശ്ഖ്വി(റ)യുടെ മൗലിദുകളിൽ ഏറെ പ്രാധാന്യമുള്ളതാണിത്. മീലാദാഘോഷവുമായി ബന്ധപ്പെട്ട "ഇദാ കാന ഹാദാ..." എന്ന് തുടങ്ങുന്ന പദ്യവും തിരുനബി(സ്വ)യുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ട "ഹബ ല്ലാഹു ന്നബിയ്യ..." എന്ന് തുടങ്ങുന്ന പദ്യവും പ്രസിദ്ധമാണ്. പിൽക്കാല പണ്ഡിതന്മാർ പലരും ഉദ്ധരിച്ച ഇവ രണ്ടും ഇമാമവറുകളുടെ മൗരിദു സ്സ്വാദീയിലെ വരികളാണ് (മൗരിദു സ്സ്വാദീ 76,83-84 പേജുകൾ നോക്കുക).
അല്ലഫ്ളുർ റാഇഖ്വ്
അല്ലഫ്ളുർ റാഇഖ്വ് ഫീ മൗലിദി ഖയ്രിൽ ഖലാഇഖ്വ് (സ്വ) എന്നാണ് പൂർണ്ണ നാമം. ഇമാം ഇബ്നു നാസിരിദ്ദീൻ അദ്ദിമിശ്ഖ്വി (റ) തന്നെയാണ് ഇതിന്റെയും രചയിതാവ്. മഹാനവർകൾക്ക് ഇപ്രകാരം മൂന്ന് മൗലിദുകളുണ്ടെന്ന് ഇമാം ഖയ്ളിരി (റ)അല്ലുമഉൽ അൽമഇയ്യഃയിലും (3/133) ഇമാം സഖാവി (റ) അള്ളൗഉ ല്ലാമിഇലും (8/103) വ്യക്തമാക്കിയിട്ടുണ്ട്.
അദ്ദുർറതു സ്സനിയ്യഃ
അദ്ദുർറതു സ്സനിയ്യഃ ഫീ മൗലിദി ഖൈരിൽ ബരിയ്യഃ (സ്വ) എന്ന് പൂർണ്ണ നാമമുള്ള ഇതിൻ്റെ രചയിതാവ് ഇമാം സ്വലാഹുദ്ദീൻ അൽ അലാഈ(റ)യാണ് (വഫാത്ത് ഹി. 761). പ്രഥമ സൃഷ്ടി തിരു നബി(സ്വ)യാണെന്നും അവിടുത്തെ നൂറിൽ നിന്നാണ് മറ്റെല്ലാം സൃഷ്ടിക്കപ്പെട്ടതെന്നും മൗലിദിൽ പറയുന്നു (അദ്ദുർറതു സ്സനിയ്യഃ 143, 144). മറ്റു പല മൗലിദുകളെ പോലെ തന്നെ ആദം നബി(സ്വ)യുടെ തവസ്സുൽ (പേജ് 148-149), മീലാദാഘോഷം (പേജ് 175-176) തുടങ്ങിയ വിഷയങ്ങളും മൗലിദിൽ ചർച്ച ചെയ്യുന്നു. പേജ് 190-191 ലെ തിരു നബി (സ്വ) പ്രകീർത്തന കാവ്യത്തോടെ മൗലിദ് അവസാനിക്കുന്നു. ഇതിൽ ഇസ്തിഗാസഃയുടെയും തവസ്സുലിന്റെയും വരികൾ ഉൾപ്പെടുന്നു.
അൽ ഫള്ലുൽ മുനീഫ് ഫിൽ മൗലിദി ശ്ശരീഫ്
ഹിജ്റ 764 ൽ വഫാത്തായ ഇമാം സ്വലാഹുദ്ദീൻ അസ്സ്വഫദി(റ)യുടെ രചനയാണിത്. "ഈ മാസത്തെ അത്ത്യുത്തമ ജനനം കൊണ്ട് പ്രത്യേകമാക്കിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും " എന്നാണീ മൗലിൻ്റെ തുടക്കം തന്നെ. ശേഷം വിശുദ്ധ റബീഇൻ്റെ പ്രശംസകൾ വിവരിക്കുകയും ചെയ്യുന്നു (അൽ ഫള്ലുൽ മുനീഫ് 29, 30). പേജ് 32 ൽ തിരു നബി (സ്വ) ആദം നബി(അ)യുടെ വസീലഃയാണെന്ന് പറഞ്ഞ ശേഷം ആദം നബി(അ)യുടെ തവസ്സുൽ ഉൾകൊള്ളുന്ന ഇമാം ത്വബ്റാനി(റ)യും ഇമാം ഹാകിമും(റ) നിവേദനം ചെയ്ത ഹദീസ് ഉദ്ധരിക്കുകയും ചെയ്യുന്നു. പേജ് 36-37 ൽ വിശുദ്ധ പരമ്പരയിലൂടെയുള്ള തിരുനബി(സ്വ)യുടെ സഞ്ചാരം പ്രമാണബദ്ധമായി വിശദീകരിക്കുന്നു. പേജ് 46 ൽ റബീഉൽ അവ്വലിന്റെ ശ്രേഷ്ഠതയെ തൊട്ട് അശ്രദ്ധാവാന്മാരായവരെ റബീഇനോടുള്ള ബാധ്യത വീട്ടാൻ ഉണർത്തുന്നു. അറബി അക്ഷരമാലയിലെ 'ലാം' കൊണ്ടവസാനിക്കുന്ന വലിയൊരു കവിതയോടെയാണ് മൗലിദിന് പരിസമാപ്തി കുറിക്കുന്നത്.
മൗലിദു റസൂലില്ലാഹി (സ്വ)
ഹിജ്റ 785 ൽ വഫാത്തായ ഇമാം മമ്പിജി(റ)യുടേതാണീ രചന. തിരുനബി (സ്വ) ചരിത്രത്തിലെ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യുന്ന നൂറിലധികം പേജുകളുള്ള ആകർഷണീയമായ ഒരു മൗലിദാണിത്. മൻഖ്വൂസ്വ് മൗലിദിലുള്ള ഉസ്മാൻ ബ്ൻ അൽ ഹുവൈരിസിൻ്റെ സംഭവം വിവിധ ചരിത്ര ഗ്രന്ഥങ്ങൾക്ക് പുറമെ ഇമാം മമ്പിജി(റ)യുടെ ഈ മൗലിദിലും ഇടം പിടിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
കൻസുർ റാഗിബീൻ
ഇമാ ബുർഹാനുദ്ദീൻ അന്നാജി(റ)വാണ് (വഫാത്ത്: ഹി.900) പ്രൗഢമായ ഈ രചനക്കു പിന്നിൽ. ശെയ്ഖ് കത്താനി (റ) അത്തആലീഫുൽ മൗലിദിയ്യയിൽ പരിചയപ്പെടുത്തിയ (പേജ് 54) ഈ മൗലിദിലെ അനുബന്ധചർച്ചകൾ പലപ്പോഴും മറ്റു പല വിഷയങ്ങളിലേക്കും കടന്ന്ചെല്ലുന്നതായി കാണാം. വിവിധയിടങ്ങളിലായി തിരുനബി(സ്വ)യുടെ ജാഹ് (അല്ലാഹുവിങ്കലുള്ള ഉന്നത പദവി) കൊണ്ട് തവസ്സുൽ നടത്തുന്ന ഇമാം നാജി (റ) ഇപ്രകാരം പറയുന്നു: തിരുനബി(സ്വ)യുടെ ഉന്നത സ്ഥാനം കൊണ്ടും പദവി കൊണ്ടും ഇട തേടുന്നതിലും ശുപാർശ തേടുന്നതിലും നിങ്ങൾ ഉപ്പാപ്പയായ ആദം നബി(അ)നെയും അവർക്ക് ശേഷമുള്ളവരെയും പിന്തുടരുക. കാരണം തിരുനബി (സ്വ) സ്രഷ്ടാവായ അല്ലാഹുവിലേക്കുള്ള മധ്യവർത്തികളിൽ ഉന്നതരാണ്. ഉപ്പാപ്പയെ പിന്തുടർന്നവർ തീർച്ചയായും സന്മാർഗം സിദ്ധിച്ചിരിക്കുന്നു (കൻസുർ റാഗിബീൻ 35). പേജ് 36-37ൽ യൂനുസ് സൂറത്തിലെ 58ാം സൂക്തത്തെ തിരുപ്പിറവികൊണ്ട് സന്തോഷിക്കുന്നതിനുള്ള തെളിവാക്കിയതും കാണാം. മൗലിദിലെ 38 മുതൽ 74 വരെയുള്ള പേജുകൾ തിരുനബി(സ്വ)യുടെ മേലിൽ സ്വലാത്ത് ചൊല്ലുന്നത് സംബന്ധിയായ വിവിധ ചർച്ചകളാണ്. തിരുപ്പിറവിയിൽ സന്തോഷിച്ച അബൂ ലഹബിന് ലഭിച്ച ആശ്വാസത്തെ അധികരിച്ച് ചർച്ച ചെയ്ത ശേഷം നബിദിനാഘോഷ സംബന്ധിയായി നിരവധി കാര്യങ്ങൾ വിവരിക്കുന്നു (കൻസുർ റാഗിബീൻ 82-84 നോക്കുക). മൗലിദുകളിലെ 93-94 പേജുകളിൽ ആദ്യ സൃഷ്ടി തിരുനബി(സ്വ)യാണെന്നും മറ്റെല്ലാത്തിൻ്റെയും സൃഷ്ടിപ്പിന് അവിടുന്നാണ് നിമിത്തമെന്നും വിവരിക്കുന്നു.
അൽ ഫഖ്റുൽ അലവി ഫിൽ മൗലിദി ന്നബവി (സ്വ)
ഹിജ്റ 902 ൽ വഫാത്തായ ഇമാം ശംസുദ്ദീൻ അസ്സഖാവി(റ)യാണ് ഇതിന്റെ രചയിതാവ്. ഇമാമവറുകൾക്ക് ഇങ്ങനെയൊരു മൗലിദുണ്ടെന്നും സഹോദര പുത്രൻ ഇസ്സുദ്ദീൻ(റ) അവരിൽ നിന്നും ഇത് ഓതിക്കേട്ടിട്ടുണ്ടെന്നും ഇമാം സഖാവി(റ) തന്നെ ആത്മകഥയായ ഇർശാദുൽ ഗാവിയിൽ (പേജ് 73, 564 നോക്കുക) വിശദീകരിക്കുന്നു. ഇമാം ശംസുദ്ദീൻ അൽ മുനാവി(റ) അടക്കമുള്ള പലരും ഈ മൗലിദ് തിരുനബി (സ്വ) ജനിച്ച സ്ഥലത്ത് വെച്ച് രചയിതാവായ ഇമാം സഖാവി(റ)യിൽ നിന്ന് ഓതികേട്ടതായി മഹാനവറുകൾ അള്ളൗഉ ല്ലാമിഇൽ വ്യക്തമാക്കിയിട്ടുണ്ട് (5/33, 6/283, 10/244, 11/146). പുറമേ ഇമാം മുഹിബ്ബു സ്സഖാവി (റ) മദീനയിൽ റബീഉൽ അവ്വൽ പന്ത്രണ്ടാം രാവിൽ വെച്ച് തിരു സവിധത്തിലേക്ക് മുന്നിട്ട് ഇമാം സഖാവി(റ)യിൽ നിന്നും ഇത് കേട്ടിട്ടുമുണ്ട്. ഇക്കാര്യം ഇമാം സഖാവി(റ)യുടെ അത്തുഹ്ഫതു ല്ലത്വീഫഃയിൽ (7/73) കാണാം.
സുറൂറുൽ മുഅ്മിനീൻ
സുറൂറുൽ മുഅ്മിനീൻ ബി മൗലിദി ന്നബിയ്യിൽ അമീൻ (സ്വ) എന്നാണ് ഈ മൗലിദിന്റെ പൂർണനാമം. ഇമാം ഇബ്നു ദ്ദൈബഅ് (റ) എന്നവരുടേതാണ് (വഫാത്ത്: ഹി.944) ഈ രചന. മൗലിദു ദ്ദൈബഈ, മൗലിദു ഇബ്നി ദ്ദൈബഅ് എന്ന പേരിലെല്ലാം ഇതറിയപ്പെടുന്നുണ്ട്. സുദീർഘമായ (8 പേജിലധികം) മൗലിദിൻ്റെ ആമുഖം മുഴുവൻ ഗദ്യ പദ്യ വ്യത്യാസമില്ലാതെ അറബി അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമായ ബാഅ് കൊണ്ട് അവസാനിപ്പിക്കുന്ന ശൈലി മൗലിദിനെ ഏറെ ആകർഷണീയമാക്കുന്നു. ആദം നബി(അ)നെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ അല്ലാഹു (സു) തിരുനബി(സ്വ)യുടെ നൂറിനെ പടച്ചിട്ടുണ്ടെന്നും (പേജ് 6) ആ നൂറിന്റെ കൈമാറ്റം സംശുദ്ധ പരമ്പരയിലൂടെയായിരുന്നെന്നും (പേജ് 14) ഇമാം ഇബ്നുദ്ദൈബഅ് (റ) മൗലിദിൽ വ്യക്തമാക്കുന്നു. തിരുനബി(സ്വ), അവിടുത്തെ കുടുംബം, സ്വഹാബഃ ഇവരെയെല്ലാം തവസ്സുൽ ആക്കിക്കൊണ്ടുള്ള ദീർഘമായ ദുആയോടെയാണ് മൗലിദ് സമാപിക്കുന്നത്.
അൽ മൗരിദുർ റവിയ്യ് ഫിൽ മൗലിദി ന്നബവിയ്യ് (സ്വ)
അല്ലാമഃ മുല്ലാ അലി അൽ ഖ്വാരി(റ)യാണ് ഇതിൻ്റെ രചയിതാവ് (വഫാത്ത് ഹി. 1014). മജ്മൂഉർ റസാഇലിൽ അല്ലാമഃ അൽ മുല്ലാ അലിയ്യുനിൽ ഖ്വാരി (റ) എന്ന പേരിൽ എട്ട് വാള്യങ്ങളിലായി മഹാനവർകളുടെ 80 രിസാലകൾ ദാറുല്ലുബാബ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 65ാം രിസാലയാണ് അൽ മൗരിദുർ റവീ. തിരുനബി(സ്വ)യുടെ ജന്മ വിശേഷങ്ങൾ അൽ മൗരിദിൽ പറഞ്ഞിട്ടുണ്ടെന്ന് മഹാനവർകൾ തന്നെ മിർഖ്വാതിൽ വ്യക്തമാക്കിയിട്ടുണ്ട് (10/420). ഇമാം സഖാവി (റ) പറയുന്നു: മദീനയിൽ താമസിച്ചിരുന്ന ഇമാം ബുർഹാനുദ്ദീൻ ഇബ്നു ജമാഅഃ (റ) നബി(സ്വ)യുടെ ജന്മദിനത്തിൽ ജനങ്ങൾക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു. അവിടുന്ന് പറയും: എനിക്ക് സൗകര്യപ്പെട്ടിരുന്നുവെങ്കിൽ റബീഉൽ അവ്വൽ മാസം മുഴുക്കെ തിരുപ്പിറവി ആഘോഷിക്കുമായിരുന്നു (അൽ അജ്വിബതുൽ മർളിയ്യ 3/ 1139, അത്തുഹ്ഫതു ല്ലത്വീഫഃ 1/ 274). ഈ സംഭവം ഉദ്ധരിച്ച ശേഷം മുല്ലാ അലിയ്യുനിൽ ഖ്വാരി(റ) പറയുന്നു: ഭക്ഷണമൊരുക്കി സൽക്കരിക്കാൻ ഞാൻ അശക്തനായപ്പോൾ വർഷ-മാസ ഭേദമന്യേ എക്കാലത്തും നിലനിൽക്കുന്ന പ്രകാശപൂരിതമായ ഒരു ആത്മീയ സദ്യയൊരുക്കാനാണ് ഞാനീ പേജുകൾ എഴുതിയത് (അൽ മൗരിദുർ റവീ - മജ്മൂഉർ റസാഇൽ 5/389-390). വർഷങ്ങളോളം തിരുപ്പിറവിയുടെ സമയത്ത് മക്കയിലുണ്ടാകാനും അതിൻ്റെ ബറകത് അനുഭവിച്ചറിയുവാനും ഭാഗ്യം ലഭിച്ചവരാണ് ഇമാം സഖാവി(റ)യെന്നും നിരവധി തവണ നബി (സ്വ) തങ്ങളുടെ ജന്മസ്ഥലം സന്ദർശിക്കാൻ അവർക്ക് ഭാഗ്യം ലഭിച്ചുവെന്നും അവരിൽനിന്ന് മുല്ലാ അലിയ്യുനിൽ ഖ്വാരി(റ) ഉദ്ധരിക്കുന്നു (അൽ മൗരിദുർ റവീ -മജ്മൂഉർ റസാഇൽ 5/384). 5/ 384-387 വരെയുള്ള പേജുകളിൽ വിവിധ അറബി -അനറബി നാടുകളിൽ നടക്കുന്ന മൗലിദുകളെ പറ്റി വിശകലനം നടത്തുന്നു. 5/ 388-389 ൽ ജന്മദിനാഘോഷ സംബന്ധിയായി ഇമാം അസ്ഖ്വലാനി (റ) വിവരിച്ച തെളിവ് ഉദ്ധരിക്കുകയും മഹാനവറുകളുടെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. 5/ 395-397 ൽ പ്രഥമ സൃഷ്ടി തിരുനബി(സ്വ)യുടെ നൂറാണെന്ന് അറിയിക്കുന്ന ഇമാം അബ്ദുർ റസാഖ്വി(റ)ൻ്റെ ഹദീസ് ഇമാം ഖ്വസ്ത്വല്ലാനി(റ)യെ തൊട്ട് ഉദ്ധരിക്കുകയും ഇത് സംബന്ധമായി വന്നേക്കാവുന്ന സംശയങ്ങൾക്ക് നിവാരണം നടത്തുകയും ചെയ്യുന്നു. ഈ വിശകലനം മൗലിദിലുണ്ടെന്ന് മഹാനവറുകൾ മിർഖ്വാതിൽ പറഞ്ഞിട്ടുമുണ്ട് (1/269). ഇമാം ഇബ്നു ജസരി(റ), ഇമാം സഖാവി(റ) എന്നിവരിൽ നിന്നുള്ള നിരവധി ഉദ്ധരണികളെ കൊണ്ട് ഈ മൗലിദ് സമ്പന്നമാണ്.
മൗരിദുസ്സ്വഫാ ഫീ മൗലിദിൽ മുസ്ത്വഫാ (സ്വ)
രചനാ വൈഭവം കൊണ്ട് കാലഘട്ടത്തിൻ്റെ ഇമാം സുയൂത്വി എന്നറിയപ്പെട്ട അല്ലാമഃ ഇബ്നു അല്ലാൻ (റ) ആണ് (വഫാത്ത്: ഹി.1057) ഇതിന്റെ രചയിതാവ്. “പ്രസിദ്ധപ്പെടുത്തൽ അനിവാര്യമായ വളരെ നല്ല മൗലിദ്” എന്നാണ് ശെയ്ഖ് കത്താനി ഈ മൗലിദിനെ സാക്ഷ്യപ്പെടുത്തിയത് (അത്തആലീഫുൽ മൗലിദിയ്യഃ പേജ് 67). വിവിധ മൗലിദുകളുൾപ്പെടെ നിരവധി അപൂർവ്വ ഗ്രന്ഥങ്ങളിലെ അമൂല്യമായ പല ഉദ്ധരണികളും മഹാനവറുകൾ ഇതിൽ ചേർത്തിട്ടുണ്ട്. അല്ലാമഃ ഇബ്നു അല്ലാൻ(റ)വിന്റെ ഇതര രചനകളെപ്പോലെ തന്നെ വിവിധ വൈജ്ഞാനിക ചർച്ചകളുടേയും തീർപ്പുകളുടേയും ഒരു കലവറ തന്നെയാണ് ഈ മൗലിദ്. ലോകം പടക്കാൻ കാരണം തിരുനബി (സ്വ) ആണെന്നും ആദ്യ സൃഷ്ടി അവിടുത്തെ നൂറാണെന്നും മൗലിദിൽ വിവരിക്കുന്നു (മൗരിദുസ്സ്വഫാ 56-57, 59-61). പേജ് 72,73 ൽ തിരുനബി(സ്വ)യുടെ മാതാപിതാക്കളെ അല്ലാഹു ജീവിപ്പിച്ചു എന്നറിയിക്കുന്ന ഹദീസ് വിവിധ പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടതിനാൽ ഹസനാണെന്ന് പ്രഖ്യാപിക്കുകയും ഇവ്വിഷയകമായി ഇമാം ഇബ്നു നാസ്വിരിദ്ദീൻ അദ്ദിമിശ്ഖ്വി(റ)യുടേയും മറ്റും കവിതകൾ ഉദ്ധരിച്ച് വിശദീകരിക്കുകയും ചെയ്യുന്നു.
തിരുനബി(സ്വ)യുടെ ജന്മദിനാഘോഷം മൗരിദുസ്സ്വഫായിൽ വിശദ ചർച്ചക്കെടുക്കുന്നു (പേജ് 131 മുതൽ 155 വരെ). ഇസ്തിഗാസഃയുടെ വരികളുൾക്കൊള്ളുന്ന തിരുനബി(സ്വ)യെ പ്രകീർത്തിക്കുന്ന സുദീർഘമായ പദ്യത്തോടെയാണ് മൗലിദിൻ്റെ സമാപനം. കവിതയിലെ ഉബൈദുക (നബിയേ അങ്ങയുടെ എളിയ ദാസൻ) എന്ന പ്രയോഗം ശ്രദ്ധേയമാണ് (മൗരിദുസ്സ്വഫാ 155-158 നോക്കുക). അല്ലാമഃ ഇബ്നു അല്ലാൻ(റ)വിന് മക്കയിലെ തിരുപ്പിറവി നടന്ന സ്ഥലത്തെക്കുറിച്ച് മാത്രമായി ത്വീബുൽ മൗരിദ്/ ത്വീബുൽ മൗറൂദ് എന്ന പേരിൽ ഒരു പ്രത്യേക രചന കൂടിയുണ്ട്. ഇക്കാര്യം മഹാനവറുകൾ തന്നെ മൗരിദുസ്സ്വഫായിലും (പേജ് 122) ഫത്ഹുൽ ഫത്താഹിലും (3/1081) പറഞ്ഞിട്ടുണ്ട്.
അത്തൻവീർ
ഇമാം ഇബ്നു ദിഹ്യഃ (ഹി. 633)യാണ് ഈ ബൃഹത്തായ മൗലിദിന്റെ രചയിതാവ്. അല്ലാമഃ മഖ്വർരി (റ) പറയുന്നു: ഇമാം ഇബ്നു ദിഹ്യഃ (റ) ഉപകാരപ്രദമായ ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അത്തൻവീർ ഫീ മൗലിദി സ്സിറാജിൽ മുനീർ എന്ന ഗ്രന്ഥം അതിൽ പെട്ടതാണ്. ഇർബിൽ രാജാവായ മുളഫ്ഫറുദ്ദീൻ എല്ലാ വർഷവും വളരെ പ്രാധാന്യത്തോടെ റബീഉൽ അവ്വൽ മാസത്തിൽ മൗലിദാഘോഷം നടത്തുന്നത് കണ്ടപ്പോഴാണ് ഇമാം ഇബ്നു ദിഹ്യഃ(റ) ഈ മൗലിദ് രചിച്ചത്. ഗ്രന്ഥം പൂർത്തിയായ ശേഷം രചയിതാവ് തന്നെ അത് രാജാവിന് വായിച്ചു കൊടുക്കുകയും അദ്ദേഹം ഇമാമിന് ആയിരം ദീനാർ നൽകുകയും ചെയ്തു (നഫ്ഹുത്ത്വീബ് 2/ 104). ഹിജ്റ 625 ൽ ഇമാം ഇബ്നു ഖല്ലികാൻ (റ) മൗലിദിനെ രാജാവിൽ നിന്ന് തന്നെ കേട്ടതായി വഫയാത്തുൽ അഅ്യാനിൽ (3/449-450) വ്യക്തമാക്കിയിട്ടുണ്ട്.
അത്തൻവീറിനെ കുറിച്ച് അൽ ഹാഫിള് ഇബ്നു കസീർ പറയുന്നു: ഞാൻ ആ കിതാബ് കാണുകയും അതിൽ നിന്ന് ഉപകാരപ്രദമായ കുറെ നല്ല കാര്യങ്ങൾ കുറിച്ച് വെക്കുകയും ചെയ്തിട്ടുണ്ട് (അൽ ബിദായതു വന്നിഹായഃ 17/ 225). മീലാദാഘോഷത്തെ വിമർശിക്കുന്നതിനായി നബി(സ്വ)യുടെ വഫാത്ത് റബീഉൽ അവ്വൽ പന്ത്രണ്ടിനായിരുന്നു എന്നതിൽ അഭിപ്രായവ്യത്യാസം ഒന്നുമില്ലെന്ന് ബിദഇകൾ ജൽപിക്കാറുണ്ട്. എന്നാൽ പ്രസ്തുത വിഷയത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഇമാം ഇബ്നു ദിഹ്യഃ അത്തൻവീറിൽ (662- 664 നോക്കുക) പറഞ്ഞിട്ടുണ്ട്.
മൗലിദുൽ ഇമാം ഇബ്നു സ്സംലകാനി (റ)
ഹിജ്റ 727ൽ വഫാത്തായ ഇമാം കമാലുദ്ദീൻ ഇബ്നു സ്സംലകാനി (റ) ന് ഇപ്രകാരം ഒരു മൗലിദുണ്ടെന്ന് ശിഷ്യൻ അൽ ഹാഫിള് ഇബ്നു കസീർ അൽ ബിദായഃയിൽ (6/ 382- 383) പറഞ്ഞിട്ടുണ്ട്. തിരുനബി(സ്വ)യുടെ അദ്നാൻ എന്നവർ വരെയുള്ള ഉപ്പാപ്പമാരുടെ പേരുകൾ പറഞ്ഞാണ് മൗലിദ് ആരംഭിക്കുന്നത്. മൗലിദിന്റെ
86-90 പേജുകളിൽ സംശുദ്ധ പരമ്പരയിലൂടെയുള്ള അവിടുത്തെ കടന്നുവരവ് വിശദീകരിക്കുന്നു. പേജ് 122-137 ൽ തിരുനബി(സ്വ)യുടെ ഖസ്വാഇസ്വ് (പ്രത്യേകതകൾ) ചർച്ചചെയ്യുന്ന ഈ മൗലിദ് പ്രാർത്ഥനയോടെ സമാപിക്കുന്നു.
ബഹ്ജതുസ്സാമിഈന വന്നാള്വിരീൻ
ഹിജ്റ 984 ൽ വഫാത്തായ ഇമാം നജ്മുദ്ദീൻ അൽ ഗയ്ത്വി(റ)യുടേതാണ് ഈ രചന. ഇമാം ഗയ്ത്വി(റ)യുടെ ഈ മൗലിദ് അമൂല്യ രചനയാണെന്നും പ്രിൻ്റ് ചെയ്ത് പ്രചരിപ്പിക്കൽ അനിവാര്യമാണെന്നും ശൈഖ് കത്താനി (റ) അത്തആലീഫുൽ മൗലിദിയ്യഃയിൽ (പേജ്: 77) പറഞ്ഞത് കാണാം. ഇർശാദുൽ ഹാഇരീൻ എന്ന പേരിൽ അല്ലാമഃ നബ്തീതി ബഹ്ജയെ വിശദീകരിച്ചിട്ടുണ്ട്. പുറമെ അല്ലാമഃ അൽ അമീറുൽ കബീർ (റ), അല്ലാമഃ ശർഖ്വാവി (റ), അല്ലാമഃ അദവി (റ), അല്ലാമ സുജാഈ (റ) തുടങ്ങിയവരും ഈ മൗലിദിന് വ്യാഖ്യാനം തയ്യാറാക്കിയിട്ടുണ്ട്. "തിരുപ്പിറവിക്കൊണ്ട് ഉണ്മയെ മുഴുവൻ പ്രകാശിപ്പിക്കുകയും റബീഉൽ അവ്വൽ മാസത്തിൽ തിരു നബി(സ്വ)തങ്ങളുടെ ശ്രേഷ്ഠത വെളിപ്പെടുത്തുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും" എന്ന് പറഞ്ഞാണ് ഇമാം ഗയ്ത്വി (റ) മൗലിദ് ആരംഭിക്കുന്നത്. തുടർന്ന് പ്രഥമ സൃഷ്ടിയായ തിരു നൂറിനെയും നൂറിന്റെ കൈമാറ്റത്തെയും പ്രതിപാദിക്കുന്നു (ബഹ്ജതുസ്സാമിഈൻ 17).
20-29 കൂടിയ പേജുകളിൽ നൂറുന്നബി(സ്വ)യെ കുറിച്ചും 49 മുതൽ 53 വരെയുള്ള പേജുകളിൽ ചേലാകർമ്മം ചെയ്യപ്പെട്ടവരായുള്ള തിരുപ്പിറവിയെ കുറിച്ചുമുള്ള വിശദ ചർച്ചയുണ്ട്. ഇമാം അസഫി(റ)യുടെ മൗലിദിനെ ഉദ്ധരിച്ച് ഇമാം ഗയ്ത്വി (റ) പറയുന്നു: മുൻഗാമികളും പിൻഗാമികളിൽ നിന്ന് അവലംബയോഗ്യരും നിലകൊള്ളുന്ന ശരിയായ അഭിപ്രായം തിരുപ്പിറവി റബീഉൽ അവ്വൽ 12 തിങ്കളാഴ്ച്ചയാണെന്നതിനാൽ അത് തന്നെയാണ് പ്രബലവും കൊള്ളാവുന്നതുമായ നിലപാട് (ബഹ്ജതുസ്സാമിഈൻ 54). ഇമാം അസഫിയുടെ അദ്ദുർറുൽ മുനള്ളം പേജ് 256 ലാണ് ഈ ഉദ്ധരണിയുള്ളത്. ബഹ്ജയുടെ പേജ് 61ൽ മക്കയിലെ മിലാദാഘോഷവും ഹിജ്റ 931ൽ തിരുപ്പിറവി നടന്ന സ്ഥലം സന്ദർശിക്കാനും ബറകത്തെടുക്കാനും രചയിതാവിന് ലഭിച്ച സൗഭാഗ്യവും വിവരിക്കുന്നു. 67 മുതൽ 76 വരെയുള്ള പേജുകളിൽ മൗലിദാഘോഷ സംബന്ധിയായി വിശദ ചർച്ചയും കാണാം. വഫാത് വരെയുള്ള തിരുനബി(സ്വ)യുടെ ചരിത്രത്തിൻ്റെ ഹ്രസ്വ വിവരണം നടത്തിയാണ് മൗലിദ് സമാപിക്കുന്നത്.
മൗലിദുൽ മദാബിഗി (റ)
അല്ലാമഃ ഹസനുൽ മദാബിഗി(റ)യുടെ (ഹി. 1170) രചനയാണിത്. മഹാനവർകൾ പറയുന്നു: ഇമാം നജ്മുദ്ദീൻ അൽ ഗയ്ത്വി(റ)യുടെ മഹത്തായ മൗലിദിനെ സംക്ഷിപ്തമാക്കാൻ ആവശ്യപ്പെട്ടവർക്കുള്ള മറുപടിയാണിത്. അല്ലാഹുവിൻ്റെ ഔദാര്യം കൊണ്ട് നിരവധി കാര്യങ്ങൾ (മൂല ഗ്രന്ഥത്തില്ലാത്ത) അധികം പറയാൻ എനിക്ക് സാധിച്ചിട്ടുണ്ട് (മൗലിദുൽ മദാബിഗി (റ) പേജ് 1).
ഹി. 1233 ൽ വഫാതായ അല്ലാമഃ മുഹമ്മദ് അശ്ശൻവാനി(റ)യുടെ അൽ ജവാഹിറുസ്സനിയ്യഃ അടക്കമുള്ള നിരവധി രചനകൾ അല്ലാമഃ മദാബിഗി(റ)യുടെ മൗലിദിനെ അധികരിച്ച് പിറവിയെടുത്തിട്ടുണ്ട്. അധിക വായനക്കായി അത്തആലീഫുൽ മൗലിദിയ്യഃ 58-60 പേജുകൾ നോക്കുക.
മൗരിദു ന്നഫ്ഹതിൽ അമ്പരിയ്യഃ
അല്ലാമഃ മുഹമ്മദ് അൽ അഹ്സാഈ(റ)യാണ് (ഹി. 1221) ഗദ്യ-പദ്യ സമ്മിശ്രമായ ഈ മൗലിദിൻ്റെ രചയിതാവ്. ആമുഖം മുഴുവൻ അറബി അക്ഷരമാലയിലെ റാഇൽ അവസാനിക്കുന്ന രീതിയിൽ കോർത്തിണക്കിയിരിക്കുന്നു. തുടർന്നുള്ള ഓരോ ഈരണ്ട് വാചകങ്ങളും ഒരേ അക്ഷരത്തിൽ അവസാനിക്കുന്നു. മൗലിദിൻ്റെ ആദ്യാന്ത്യം നിലനിൽക്കുന്ന ഈ ശൈലി ഏറെ ആകർഷണീയമാണ്. തിരുപ്പിറവിയെ കൊണ്ട് സൃഷ്ടിജാലങ്ങളെ പ്രകാശിപ്പിച്ച അല്ലാഹുവിന് സ്തുതികളർപ്പിച്ച് കൊണ്ടാണ് മൗലിദിൻ്റെ തുടക്കം. തുടർന്ന് തിരുനബി(സ്വ)യുടെ നൂറ്, കുടുംബപരമ്പര, റബീഉൽ അവ്വലിൻ്റെ മാഹാത്മ്യം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് ചർച്ച (മൗരിദു ന്നഫ്ഹ 19-21).
പേജ് 23 ൽ ആദം നബി(അ)യുടെ തവസ്സുലും പേജ് 25 ൽ തിരുനബി(സ്വ)യുടെ സംശുദ്ധകുടുംബ പരമ്പരയും വർണ്ണിക്കുന്നു. തിരുനബി(സ്വ)യുടെ ജനനം തിങ്കളാഴ്ച്ച ദിവസം റബീഉൽ അവ്വൽ 12ന് ആയിരുന്നുവെന്നത് പ്രസിദ്ധവും പ്രബലവുമായ വീക്ഷണമാണെന്ന് തീർപ്പ് പറയുന്നു (മൗരിദുന്നഫ്ഹഃ 37). തിരുനബി(സ്വ)യുടെ വരവോടെ ഹലീമ ബീവി(റ)ക്ക് ലഭിച്ച സമൃദ്ധിയെക്കുറിച്ചും മൗലിദിൽ വിവരണമുണ്ട് (പേജ് 39-40). മീലാദാഘോഷത്തെ പരാമർശിച്ച ശേഷം ദുആയോടെ മൗലിദ് അവസാനിക്കുന്നു (പേജ് 43-46).
പൂർവ്വസൂരികളായ പണ്ഡിതന്മാർ രചിച്ച ചില മൗലിദുകൾ മാത്രമാണ് ഇതുവരെ നാം വിവരിച്ചത്. ഈ പട്ടിക അപൂർണ്ണമാണ്. മൗലിദ് രചനകളെ പരിചയപ്പെടുത്താനായി ശൈഖ് കത്താനി രചിച്ച അത്തആലീഫുൽ മൗലിദിയ്യഃയിൽ ചുരുങ്ങിയ പക്ഷം 125 മൗലിദുകൾ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത രചനയിൽ ഉൾപ്പെടാത്ത മൗലിദുകൾ ഇനിയുമുണ്ടെന്നത് മറ്റൊരു കാര്യം. ഇതെല്ലാം മൗലിദുകളാണ്. മീലാദാഘോഷവുമായി ബന്ധപ്പെട്ട അനുബന്ധ രചനകൾ ഇതിനെല്ലാം പുറമേ വേറെയുമുണ്ട്. ചിലത് പറയാം.
ജനൽ ജന്നതൈൻ ഫീ ശറഫി ല്ലൈലതൈൻ
ലൈലത്തുൽ ഖദ്റിന്റെയും ലൈലത്തുൽ മൗലിദിന്റെയും മഹത്വം വിവരിക്കുന്ന നല്ലൊരു ഗ്രന്ഥമാണിത്. ഹിജ്റ 781ൽ വഫാതായ ഇമാം ഇബ്നു മർസൂഖ്വ് അത്തിലിംസാനി(റ)യാണ് ഈ ഗ്രന്ഥം രചിച്ചത്. അദ്ദേഹം ഇമാം ഫാകിഹാനി(റ)യുടെ (ഹി. 734) ശിഷ്യനും ഇമാം ശാത്വിബി(റ)യുടെ (ഹി. 790) ഗുരുവുമാണ്. തിരുപ്പിറവിയോട് അനുബന്ധിച്ചുണ്ടായ അത്ഭുതങ്ങൾ വിവരിക്കുന്നതിനായി ഒരധ്യായം തന്നെ ഇതിലുണ്ട് (ജനൽ ജന്നതൈൻ 110).
ഹുസ്നുൽ മഖ്വ്സ്വിദ് ഫീ അമലിൽ മൗലിദ്
ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി(റ)യുടെ (ഹി. 911) രചനയാണിത്. അവിടുത്തെ അൽ ഹാവീ ലിൽ ഫതാവീയിലുള്ള 81 രിസാലകളിൽ 25-ാമത്തെ രിസാലയാണിത് (അൽ ഹാവി 1/189- 197, മജ്മൂഉർ റസാഇൽ 17/ 81- 103).
മീലാദാഘോഷത്തിന്റെ തെളിവുകൾ സമർത്ഥിക്കുന്നതോടൊപ്പം എതിർ വാദങ്ങളുടെ മുനയൊടിക്കുന്ന വ്യക്തമായ മറുപടികളും ഉൾക്കൊള്ളിച്ചതാണീ രചന. ജന്മദിനാഘോഷ ചർച്ചയിൽ പിൽക്കാല പണ്ഡിതന്മാരുടെ പ്രധാന അവലംബ കൃതിയാണിത്. ഹുസ്നുൽ മഖ്വ്സ്വിദിന് പുറമേ മിസ്വ്ബാഹു സ്സുജാജഃയിലും (പേജ് 37) വളാഇഫുൾ യൗമി വല്ലൈലഃയിലും (മജ്മൂഉർ റസാഇൽ 9/ 671) മൗലിദാഘോഷം നല്ല ആചാരമാണെന്ന് ഇമാം സുയൂത്വി (റ) വ്യക്തമാക്കിയിട്ടുണ്ട്.
ഹുകുമു ഇത്വ്ആമി ത്ത്വആം
മൗലിദുകളിലും മഹാന്മാരുടെ ആണ്ട് ദിനങ്ങളിലും ഭക്ഷണം നൽകുന്നതിനെപ്പറ്റി വന്ന ചോദ്യത്തിനു മറുപടിയായി ഹിജ്റ 1257ൽ വഫാതായ അല്ലാമഃ ആബിദ് അസ്സിന്ദി (റ) നൽകിയ ഫത്വയാണിത്. ഏറെ ആകർഷകമായ അടിക്കുറിപ്പുകളോടെ കൂടെ അല്ലാമാ സിന്ദി(റ)യുടെ അഞ്ച് രിസാലകൾ (ലഘു കൃതികൾ) അർറസാഇലുൽ ഖംസ് എന്ന പേരിൽ കൈറോയിലെ ദാറു സ്സ്വാലിഹ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ നാലാമത്തെ രിസാലയാണ് ഹുകുമു ഇത്വ്ആമി ത്ത്വആം (അർ റസാഇലുൽ ഖംസിന്റെ 196 മുതൽ 238 വരെയുള്ള പേജുകൾ).
